Monday, November 15, 2010

ഇങ്ങനെയും ചിലര്‍

കഴിഞ്ഞ ഒരു ദിവസം, ഞാന്‍ കോഴിക്കോടു നിന്നും ബെംഗളരുവിലേക്കു വരുവാനായി കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്നും ബസില്‍ കയറിയതായിരുന്നു. അപ്പോള്‍ ഒരാള്‍ വന്നു എന്റെ മുമ്പിലെ സീറ്റില്‍ ഇരുന്ന ആളുടെയടുത്ത് തന്റെ കഥ പറഞ്ഞു.
താന്‍ കല്പറ്റ കെ എസ് ഇ ബിയില്‍ ഉദ്ദ്യോഗസ്ഥനാണ്. തന്റെ മകന്റെ ഭാര്യ തേഞ്ഞിപ്പാലത്ത് അവരുടെ വീട്ടില്‍ പ്രസവിച്ചു കിടക്കുന്നു. താന്‍ അവരെ കാണുവാനായി വന്നതാണ്. പക്ഷെ തന്റെ പേഴ്സ് നഷ്ടപ്പെട്ടു പോയി. പോക്കറ്റില്‍ നാല്പതു രൂപയുണ്ട്. കല്പറ്റയ്ക്കു ബസുകൂലി നാല്പത്തിയാറു രൂപയാണ്. ആറു രൂപയുടെ കുറവുണ്ട്. അതിനാല്‍ ഒന്നു സഹായിക്കണം.
ഏതായാലും ആ ലോലഹൃദയന്‍ ഒരു പത്തുരൂപയെടുത്തു കൊടുത്തു. ഇതു കണ്ട ലോട്ടറി ടിക്കറ്റ് വില്പനക്കാരന്‍ അദ്ദേഹത്തോട് പറഞ്ഞു ഇത് മറ്റെയാളുടെ സ്ഥിരം അടവാണ്. ഇങ്ങനെ അഞ്ചു പേരോട് പറഞ്ഞാല്‍ അയാള്‍ക്കു അമ്പതു രൂപ കിട്ടും. അതുമായി നേരെ ബാറിലേയ്ക്ക്. അയാള്‍ക്കാണെങ്കില്‍ നല്ല ആരോഗ്യവുമുണ്ടല്ലോ. ചുമടെടുത്താണെങ്കിലും ജീവിക്കാമല്ലോ. ആളുകളെ അറിഞ്ഞു സഹായിക്കൂ.
ഏതായാലും ബസ് വിട്ടതിനു ശേഷവും ഈ സംഭവം എന്റെ മനസ്സില്‍ അങ്ങിനെ കിടന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ഒരു ആശയം തോന്നി. ബെംഗളരു ബസ് കല്പറ്റ വഴിയാണല്ലോ പോകുന്നത്. അയാളോട് ബസില്‍ കയറാന്‍ ആവശ്യപ്പെടണമായിരുന്നു. എന്നിട്ടു പറയണം നിങ്ങള്‍ നാല്പതു രൂപ എനിക്കു തരൂ. ടിക്കറ്റ് ഞാന്‍ എടുക്കാം. എന്തു ചെയ്യാം, ആരും അയാളോട് ഇന്നു വരെ അങ്ങനെ പറഞ്ഞിട്ടില്ല.
ഇത്രയും നല്ല ഭാവനയില്‍ ആളുകളെ പറ്റിക്കാനായും ചിലര്‍

Monday, November 8, 2010

ഞാന്‍ എത്ര ഭാഗ്യവാനായിരുന്നു...

ഏതാനും കുട്ടികള്‍, പൊടി പീക്കിരികള്‍, അവരേക്കളും വലിയ ബാഗുമായി അമ്മമാരോടും ആയമാരോടുമെല്ലാം ഒന്നിച്ച് സ്കൂള്‍ ബസ്സുകള്‍ക്കു വേണ്ടി നില്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ എത്ര ഭാഗ്യവാനായിരുന്നു എന്ന് ഓര്‍ത്തത്.
എന്റെ ചെറുപ്പത്തില്‍ എന്തു രസമായിരുന്നു സ്കൂളില്‍ പോകാന്‍. (തെറ്റിദ്ധരിക്കേണ്ട, തൊണ്ണൂറുകളുടെ തുടക്കത്തെക്കുറിച്ചാണു ഞാന്‍ പറയുന്നത്.) 
ഏറ്റവും വലിയ കാര്യം, നോട്ട് ബുക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഗൃഹപാഠത്തിന്റെ ശല്യമില്ലായിരുന്നു. സ്ലേറ്റില്‍ എത്ര വിഷയങ്ങളുടെ ഗൃഹപാഠം എഴുതി കൊണ്ടുവരാന്‍ പറ്റും. 
ബാഗുകള്‍ നിര്‍ബന്ധമല്ല. തുണിക്കടയില്‍ നിന്നും കിട്ടുന്ന രീതിയിലുള്ള ഒരു പ്ലാസ്റ്റിക് കവറാണു മിക്കവര്‍ക്കും ആശ്രയം. വീണ്ടും ചിലര്‍ക്ക് ഒരു റബ്ബര്‍ ബാന്‍ഡ് മതി. (കറുത്ത് നല്ല കട്ടിയുള്ള ഒരിനം അന്നു കിട്ടുമായിരുന്നു, ടയറിന്റെ ട്യൂബ് മുറിച്ച തരത്തിലൊരെണ്ണം). 
ആകെ മലയാളത്തിന്റെ ഒരു പുസ്തകവും ഒരു സ്ലേറ്റും ഒരു പ്ലേറ്റും ഒരു "ബോക്സും പെട്ടിയും" ആയാല്‍ സ്കൂളിലേക്ക് ഒന്നും മറന്നിട്ടില്ല. ഈ ബോക്സും പെട്ടിയില്‍ കുറച്ചു കല്ലു പെന്‍സിലുകള്‍, രണ്ടു മൂന്ന് മഷിത്തണ്ടു ചെടികള്‍, അല്ലെങ്കില്‍ ഹോമിയോ ഗുളികകള്‍ കിട്ടുന്ന കൊച്ചുകുപ്പിയില്‍ കുറച്ചു വെള്ളം ഇത്രയും ഉണ്ടാകും.
പിന്നെ ഇന്നത്തെപ്പോലെ സ്കൂള്‍ ബസ്സുകളില്ല. ഒന്നൊന്നര കിലോമീറ്റര്‍ കൂട്ടുകാരെല്ലാവരുമായി നല്ല ആഘോഷമായി നടക്കും. ഈ നടത്തത്തില്‍ ഓട്ട മത്സരങ്ങളുണ്ടാകും. വണ്ടിയോടിക്കലുകളുണ്ടാകും. മഴ കഴിഞ്ഞസമയമാണെങ്കില്‍ മഷിത്തണ്ടു പറിക്കും. വഴിയില്‍ കൗതുകമുണര്‍ത്തുന്ന എന്തു കണ്ടാലും നോക്കിയിരിക്കും. കൈയിലെടുക്കാന്‍ പറ്റുന്നതാണെങ്കില്‍ എടുക്കുകയും ചെയ്യും.
സ്നാക്സില്ല. ടിഫിന്‍ ബോക്സില്ല. ഉച്ചക്കഞ്ഞിക്കുള്ള പ്ലേറ്റു മാത്രം. രണ്ടു മൂന്നാഴ്ചയിലൊരിക്കല്‍ മിഠായി വാങ്ങാന്‍ പത്തു പൈസ കിട്ടിയാലായി. 
പിന്നെ മിക്കവാറും നിക്കറിന്റെ പോക്കറ്റില്‍ ഗോട്ടികളോ, പനങ്കുരുകളോ, അതു പോലെയെന്തെങ്കിലുമോ കളിക്കുവാനായി ഉണ്ടാകും.
മറ്റൊരു പ്രധാന ഭാഗ്യം ഞങ്ങളുടെ വിദ്യാലയ യാത്രകള്‍ മനോഹരമായ വര്‍ണ്ണങ്ങളുടെ ആഘോഷമായിരുന്നു. യൂണിഫോമില്ലായിരുന്നതിനാല്‍ ഓണം, പെരുന്നാള്‍ തുടങ്ങിയവയ്ക്കു ശേഷം വരുന്ന ദിവസങ്ങള്‍ കോടിനുള്ളുകളുടെ പെരുമഴക്കാലമായിരിക്കും.
കൈവിട്ടു പോയ ആ ദിനങ്ങള്‍ കണ്ണിനെ ഈറനണിയിക്കുമ്പോഴും, ഇന്നത്തെ തലമുറയ്ക്കു അവ കിട്ടുന്നില്ലല്ലോ എന്ന സ്വകാര്യ അഹങ്കാരം മനസ്സിലെവിടെയോ നുരയുന്നു...

Saturday, November 6, 2010

ഇന്നും നിസ്വാര്‍ത്ഥ സേവകരോ!!!...

അതെ, ഈ ചോദ്യം ആശ്ചര്യത്തോടെ ചോദിക്കേണ്ടിയിരിക്കുന്നു.

ഇന്നു നമ്മള്‍ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ആദ്യം അന്വേഷിക്കുന്നത് നമുക്ക് എന്താണു പ്രയോജനം എന്നാണ്. എന്തായാലും ഞാന്‍ ഒരളവു വരെ അങ്ങിനെയാണ്.

അപ്പോള്‍ മുമ്പിലത്തെ ചോദ്യം ആശ്ചര്യത്തോടെയാവുമല്ലോ?
കഴിഞ്ഞദിവസം അതായത് 31-10-2010 ന് ഞാന്‍ താമരശ്ശേരി ചുരത്തിലൂടെ (അതെ, കുതിരവട്ടം പപ്പു പണ്ടു റോഡ് റോളര്‍ ഓടിച്ചു എന്നു വീരവാദം പറയുന്ന അതേ താമരശ്ശേരി ചുരം) യാത്ര ചെയ്യാനിടയായി. ആ യാത്രയിലുണ്ടായ ചില കാഴ്ചകളാണ് ഈ ചോദ്യത്തിന്റെ ഉറവിടം.

അന്ന് ചുരത്തില്‍ ഒരു ലോറി മറഞ്ഞതിനാല്‍ അതിശക്തമായ ട്രാഫിക് ജാം. വൈകിട്ട് അഞ്ചരയ്ക്ക് വൈത്തിരിയിലെത്തിയ ഞാന്‍ രാത്രി പന്ത്രണ്ടരയ്ക്കാണു അടിവാരത്തെതിയത് എന്നു പറയുമ്പോള്‍ ബ്ലോക്കിന്റെ ഏകദേശ ചിത്രം കിട്ടി എന്നു കരുതട്ടെ. കിട്ടാത്തവര്‍ക്കായി, വെറും ഇരുപത് കിലോമീറ്റര്‍ ദൂരമാണ് ഈ രണ്ടിടങ്ങള്‍ക്കുമിടയില്‍ എന്നു കൂട്ടിച്ചേര്‍ക്കുന്നു. പോരാത്തതിനു മഴയും. കോരിച്ചൊരിയുന്ന പേമാരിയൊന്നുമല്ല, എന്നാല്‍ നനഞ്ഞു കഴിഞ്ഞാല്‍ തണുത്തു വിറയ്ക്കും എന്നുറപ്പുള്ള ഇനം. ഇടവിട്ടിടവിട്ടു പെയ്യുന്നു.

അപ്പോള്‍ വഴിയില്‍ കുടുങ്ങിയിരിക്കുന്ന യാത്രികരുടെ മനോനില എന്തായിരിക്കും എന്നു ഊഹിക്കാമല്ലോ. അപ്പോള്‍ ഏതോ രണ്ടു പയ്യന്മാര്‍ പറഞ്ഞു കേട്ടതു പോലെ, ആ രാത്രിയില്‍ എവിടേയ്ക്കെങ്കിലുമൊക്കെ ജോലിയാവശ്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടവനു ഏതായാലും ലാവിഷായി കിട്ടിയിട്ടുണ്ട്.

ഈ അവസ്ഥയില്‍ ആയിരിക്കുമ്പോഴാണു ഏതാനും ചില നല്ല ശമരിയാത്തന്മാരെ കാണുവാനായത്. അവരെ കണ്ടതില്‍, എന്റെ ആറു മണിക്കൂര്‍ നഷ്ടമല്ല, മറിച്ച് സ്വയ വിചിന്തനത്തിനുള്ള ഒരു സുവര്‍ണാവസരമായി മാറി എന്നു വിശ്വസിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ആ മഴയില്‍, ആ രാത്രിയില്‍ അവര്‍ ആ ബ്ലോക്ക് മുഴുവന്‍ കഴിയുന്നതു വരെ പോലീസുകാര്‍ക്കൊരു സഹായമായി, അവരേക്കാള്‍ മികച്ച രീതിയില്‍ ആ ട്രാഫിക്കിനെ നിയന്ത്രിക്കുവാന്‍ മുന്നിട്ടിറങ്ങി. ഏതാനും ഇരുചക്രവാഹനയാത്രികരായിരുന്നു അവര്‍ എന്നു പറയുമ്പോള്‍ അവര്‍ ചെയ്ത സേവനത്തിന്റെ മഹത്വം ഏറുകയാണ്. ഒരു ഇരുചക്രവാഹനത്തിനു കടന്നു പോകാന്‍ എത്ര സ്ഥലം വേണം? അപ്പോള്‍ അവര്‍ ആര്‍ക്കുവേണ്ടിയാണു ആ വ്യഥ സഹിച്ചത്.

എന്നെപ്പോലുള്ള സ്വാര്‍ത്ഥമതികള്‍ക്കു വേണ്ടിയോ?
അതേ ബ്ലോക്കില്‍ സ്വാര്‍ത്ഥലാഭത്തിന്നായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ഒട്ടും മടിയില്ലാത്തൊരു കാറുകാരന്‍ പണക്കാരനെയും എനിക്കു കാണേണ്ടി വന്നു എന്നത് ദുഃഖകരമായി. ഒരു വരിയായി വാഹനങ്ങള്‍ അച്ചടക്കത്തോടെ മറുവശത്തുനിന്നും വാഹനങ്ങള്‍ കടന്നു പോകാനായി കാത്തുകിടക്കുമ്പോള്‍ "എനിക്കാരുടെയും സൗകര്യം നോക്കുവാന്‍ വയ്യ" എന്ന മട്ടില്‍ ആ വരി തെറ്റിച്ച് മുന്നോട്ടോടി പോയി ഇരു വശത്തേയ്ക്കുമുള്ള വാഹനഗതാഗത്തെ ഒരു അരമണിക്കൂര്‍ നേരത്തേയ്ക്കു പൂര്‍ണമായി നിശ്ചലമാക്കി ഈ മഹാനുഭാവന്‍. അദ്ദേഹത്തെ വരി തെറ്റിച്ചു മുമ്പോട്ടു പോകുന്നതില്‍ നിന്നും വിലക്കാന്‍ ശ്രമിച്ച ആ പാവം പയ്യനെ അയാള്‍ ഇടിച്ചിട്ടില്ല എന്നേയുള്ളൂ. ഈ മനോഭാവത്തെ എന്തേ ഞാന്‍ പറയേണ്ടു?


ഒരഭ്യര്‍ത്ഥനയുണ്ട് എനിക്കു നിങ്ങളോട്. നല്ല ശമരിയാത്തനായില്ലെങ്കിലും, ആ കാറുകാരന്റെ മനോഭാവം നിങ്ങള്‍ വച്ചു പുലര്‍ത്തരുതേ...